പരിണയം പദ്ധതി: ഭിന്നശേഷിക്കാർക്കും അവരുടെ മക്കൾക്കും കൈത്താങ്ങായി ഒരു വിവാഹ ധനസഹായ പദ്ധതി.
ഭിന്നശേഷിയുള്ള വ്യക്തികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി നൽകുന്ന ഒരു സുപ്രധാന കൈത്താങ്ങാണ് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പരിണയം പദ്ധതി. ഭിന്നശേഷി മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ആനുകൂല്യം
അർഹരായ ഗുണഭോക്താക്കൾക്ക് ഒറ്റത്തവണയായി 30,000/- രൂപ വിവാഹ ധന സഹായമായി ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.
അർഹതയ്ക്കുള്ള മാനദണ്ഡങ്ങൾ
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട് :-
- വരുമാന പരിധി :- അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 1,00,000/- രൂപയിൽ കൂടാൻ പാടില്ല.
- ഗുണഭോക്താക്കളുടെ എണ്ണം :- ഒരു കുടുംബത്തിലെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് വരെ ധനസഹായം ലഭിക്കും. എന്നാൽ ആദ്യത്തെ സഹായം ലഭിച്ച് 3 വർഷം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ അപേക്ഷ നൽകാവൂ. (പ്രത്യേക സാഹചര്യങ്ങളിൽ സാമൂഹ്യനീതി ഡയറക്ടർക്ക് ഈ നിബന്ധനയിൽ ഇളവ് നൽകാൻ അധികാരമുണ്ട്.
- പ്രായപരിധി :- വിവാഹ സമയത്ത് പെൺകുട്ടിയ്ക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
- പുനർവിവാഹം :- നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തേണ്ടി വരികയും, അതേ പെൺകുട്ടിക്ക് രണ്ടാം വിവാഹം കഴിക്കേണ്ടി വരികയും ചെയ്താൽ ഈ ആനുകൂല്യം വീണ്ടും ലഭിക്കുന്നതാണ്. (മുൻ ഭർത്താവിൽ നിന്നുള്ള സഹായങ്ങൾ കൂടി വരുമാനത്തിൽ കണക്കാക്കും).
പ്രത്യേക സാഹചര്യങ്ങൾ :- - വിവാഹത്തിന് മുൻപ് ഭിന്നശേഷിക്കാരനായ അപേക്ഷകൻ മരിച്ചാൽ, കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കുന്ന വ്യക്തിക്കോ സഹായധനം കൈപ്പറ്റാം.
- വിവാഹത്തിന് ശേഷം, എന്നാൽ തുക ലഭിക്കുന്നതിന് മുൻപ് അപേക്ഷകൻ മരിച്ചാലും കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ട്.
- ഭിന്നശേഷിയുള്ള വ്യക്തി മാനസികാസ്വാസ്ഥ്യമുള്ളയാളാണെങ്കിൽ (Mental illness), കുടുംബത്തിലെ ഉത്തരവാദിത്തപ്പെട്ട മറ്റൊരാൾക്ക് അപേക്ഷ സമർപ്പിക്കാം (മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്).
അപേക്ഷ സമർപ്പിക്കേണ്ട വിധം
- സമയപരിധി :- വിവാഹ തീയതിക്ക് കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്. (മുസ്ലീം സമുദായംഗങ്ങൾ നിക്കാഹിന് ശേഷമുള്ള കല്യാണ തീയതിയാണ് കണക്കാക്കേണ്ടത്).
- എവിടെ അപേക്ഷിക്കണം :- അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് നൽകേണ്ടത്.
ആവശ്യമായ രേഖകൾ
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം :-
- റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (Identity Card for Disabled).
- വധു അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ്.
- വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
- പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ (സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്).
ശ്രദ്ധിക്കുക :- ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള സാമൂഹ്യനീതി ഓഫീസുമായോ അക്ഷയ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.
ഈ പദ്ധതിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു:
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കളുടെ വിവാഹത്തിന്.
ഭിന്നശേഷിയുള്ള പെൺകുട്ടികളുടെ വിവാഹത്തിന്.
രണ്ട് വിഭാഗത്തിലും 30,000/- രൂപ വീതമാണ് ധനസഹായം ലഭിക്കുന്നത്.
പ്രധാന അപേക്ഷാ രീതികൾ
നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ സേവനങ്ങൾ *'സുനീതി' (Suneethi)* എന്ന പോർട്ടൽ വഴിയാണ് ഓൺലൈനായി നൽകുന്നത്.
ഓൺലൈനായി അപേക്ഷിക്കേണ്ട ഘട്ടങ്ങൾ
- രജിസ്ട്രേഷൻ :- ആദ്യം സുനീതി പോർട്ടലിൽ 'One-time Registration' ചെയ്യുക. പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി അക്കൗണ്ട് തുടങ്ങാം.
- ലോഗിൻ :- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്വേഡും ഉപയോഗിച്ച് സിറ്റിസൺ ലോഗിൻ (Citizen Login) ചെയ്യുക.
- പ്രൊഫൈൽ അപ്ഡേറ്റ് :- വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
- സ്കീം തിരഞ്ഞെടുക്കുക :- ലിസ്റ്റിൽ നിന്നും 'Marriage Assistance to differently abled women and to daughters of differently abled parents' എന്നത് തിരഞ്ഞെടുത്ത് 'Apply Now' ക്ലിക്ക് ചെയ്യുക.
- രേഖകൾ അപ്ലോഡ് ചെയ്യുക :- ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
ശ്രദ്ധിക്കേണ്ട അധിക വിവരങ്ങൾ
- അപേക്ഷാ സമയം :- വിവാഹത്തിന് ഒരു മാസം മുൻപ് അപേക്ഷിക്കണം. എന്നാൽ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിക്കാനും ഇപ്പോൾ സൗകര്യമുണ്ട്.
- സത്യവാങ്മൂലം :- ഓൺലൈൻ അപേക്ഷയോടൊപ്പം പ്രതിശ്രുത വരന്റെ (Fiancé) സത്യവാങ്മൂലം (Affidavit) കൂടി ഹാജരാക്കേണ്ടതുണ്ട്.
- ബാങ്ക് അക്കൗണ്ട്ആ :- നുകൂല്യം ലഭിക്കുന്നതിനായി വധുവിന്റെ പേരിൽ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് നല്ലതാണ്.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
- ഹെൽപ്പ് ലൈൻ നമ്പർ :- +91 471 2306040 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ).
- ഇമെയിൽ :- swdkerala@gmail.com
അഭിപ്രായങ്ങളൊന്നുമില്ല: